Growing food. Sharing the journey.
About Variety Farmer
Sujith S. P. · Variety Farmer · Alappuzha
പോരാട്ടത്തിൽ നിന്ന്
വിജയത്തിലേക്ക്.
പന്ത്രണ്ടാം വയസ്സിൽ മണ്ണിലേക്കിറങ്ങിയ ബാലനിൽ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ നേടിയ കർഷകനിലേക്ക്. പ്രതിസന്ധികളെ അതിജീവിച്ച് സ്വന്തം വഴി കണ്ടെത്തിയ സുജിത്ത് എസ്.പി.യുടെ കാർഷികയാത്ര.

01 / The beginnings
പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയ യാത്ര
വീട്ടിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ, പന്ത്രണ്ടാം വയസ്സു മുതൽ പഠനത്തോടൊപ്പം കൃഷിയും ജീവിതത്തിന്റെ ഭാഗമായി. തെങ്ങ് കൃഷിയിൽ നിന്നുള്ള ചെറിയ വരുമാനവും അമ്മയുടെ ചകിരി പിരിയും കൃഷിപ്പണിയുമായിരുന്നു പ്ലസ് ടു വരെയുള്ള പഠനത്തിന് താങ്ങായത്.
ഹോട്ടൽ മാനേജ്മെന്റ് പഠിക്കണമെന്ന ആഗ്രഹത്തിന് പണം കണ്ടെത്താൻ വീട്ടിലെ ആഞ്ഞിലിമരം 7,500 രൂപയ്ക്ക് വിൽക്കേണ്ടിവന്നു. എന്നാൽ ആ ശ്രമം വിജയിച്ചില്ല. കൃഷിയിൽ നിന്നും പിന്മാറിയ സുജിത്ത് മണ്ണ് ചുമയ്ക്കൽ, നിർമാണപ്പണി, സർവേക്കല്ലിടൽ, ക്ലീനിങ് തുടങ്ങി പല ജോലികളും ചെയ്തു.
സ്ഥിരവരുമാനം തേടി ഡ്രൈവിങ് പഠിച്ചു. ഹെവി ലൈസൻസ് നേടി ബസ്സിലും ലോറിയിലും മൂന്ന് വർഷം ജോലി ചെയ്തു. പിന്നീട് സുഹൃത്തുക്കളുടെ നിർദേശപ്രകാരം എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ 25,000 രൂപ ബോണ്ട് നൽകി മൂന്ന് വർഷത്തെ ജോലിയിൽ പ്രവേശിച്ചു. കരാർ അവസാനിച്ചപ്പോൾ ഹോട്ടൽ നടത്തിപ്പിലേക്ക് തിരിഞ്ഞെങ്കിലും നാലു മാസത്തിനുള്ളിൽ അത് നിർത്തേണ്ടിവന്നു; സമ്പാദ്യമെല്ലാം നഷ്ടമായി.
02 / Back to the soil
ജീവിതം വീണ്ടും മണ്ണിലേക്ക്
27 വയസ്സായപ്പോഴേക്കും ഒന്നും സമ്പാദിക്കാനായില്ലെന്ന വേദന ശക്തമായി. നിത്യച്ചെലവുകൾക്കായി അമ്മയുടെ വള വിറ്റും വായ്പയെടുത്തും ഒരു ഓട്ടോറിക്ഷ സ്വന്തമാക്കി. വായ്പയുടെ അടവുകൾക്കുശേഷം മിച്ചം ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ രാവിലെയുള്ള കുറച്ചു സമയം വീണ്ടും കൃഷിക്കായി മാറ്റിവച്ചു.
കഞ്ഞിക്കുഴിയിൽ സാനുമോൻ ഉൾപ്പെടെയുള്ള കർഷകർ ശ്രദ്ധ നേടുന്ന കാലമായിരുന്നു അത്. സഹോദരനൊപ്പം കൃഷിഭവന്റെ യോഗങ്ങളിലും പഠനയാത്രകളിലും സജീവമായി. പഠിച്ച പുതിയ സാങ്കേതികവിദ്യകൾ സ്വന്തം മണ്ണിൽ പരീക്ഷിച്ചു. കഞ്ഞിക്കുഴിയിലെ 50 സെന്റിൽ തുടങ്ങിയ കൃഷി ചേർത്തല തെക്ക് പഞ്ചായത്തിലെ 10 ഏക്കറിലേക്ക് വളർന്നു. ഇതിനിടെ വിവാഹിതനായ സുജിത്ത് മുഴുവൻ സമയ കർഷകനായി മാറി.
2014-ലെ മികച്ച യുവകർഷകനുള്ള സംസ്ഥാന പുരസ്കാരമായി ലഭിച്ച ഒരു ലക്ഷം രൂപയും കൃഷിയിലെ ചെറിയ ലാഭവും വീണ്ടും മണ്ണിൽ തന്നെ നിക്ഷേപിച്ചു. വിപണനം വെല്ലുവിളിയായപ്പോൾ ഒരു ചെറിയ കടയും ആരംഭിച്ചു.
03 / A different path
കൃഷിയിലും അറിവിലും വൈവിധ്യം
കൃഷി തണ്ണീർമുക്കം, മുഹമ്മ പഞ്ചായത്തുകളിലേക്കും വ്യാപിച്ചു. പച്ചക്കറികൾക്കൊപ്പം നെല്ല്, മത്സ്യം, കോഴി, താറാവ് എന്നിവയും ചേർന്ന 20 ഏക്കറിലെ കാർഷിക പ്രവർത്തനങ്ങളിലേക്ക് യാത്ര എത്തി. 2017-ൽ കൃഷിയിൽ നിന്നുള്ള ലാഭം കൊണ്ട് ഫോക്സ്‌വാഗൺ കാർ സ്വന്തമാക്കി.
കൊറോണക്കാലത്ത് സഹോദരനായ അജിത്തിന്റെ ആശയത്തിൽ നിന്നാണ് ‘വെറൈറ്റി ഫാർമർ’ യൂട്യൂബ് ചാനൽ പിറന്നത്. കൃഷിയറിവുകളും അനുഭവങ്ങളും കൂടുതൽ ആളുകളുമായി പങ്കുവെക്കാനുള്ള വേദിയായി അത് മാറി. സൂര്യകാന്തി, കായലിലെ ഒഴുകുന്ന പൂന്തോട്ടം, ഉള്ളി, ബസുമതി നെല്ല് തുടങ്ങിയ വ്യത്യസ്ത പരീക്ഷണങ്ങളും വിജയിച്ചു.
കൃഷിയിലെ തിരക്കുകൾ വർധിച്ചതോടെ സ്വന്തമായിരുന്ന വിപണന സംവിധാനം അവസാനിപ്പിച്ചു. പിന്നീട് കാർഷിക വരുമാനത്തിനൊപ്പം സോഷ്യൽ മീഡിയയിലൂടെ അറിവുകൾ പങ്കുവെക്കുന്നതിൽ നിന്നുള്ള വരുമാനവും ലഭിച്ചുതുടങ്ങി. പഴയ കാർ മാറ്റി 2023-ൽ ഔഡി സ്വന്തമാക്കാനായതും ഈ യാത്രയിലെ ഒരു നാഴികക്കല്ലായി.
04 / Recognition
അധ്വാനത്തിന് ലഭിച്ച അംഗീകാരങ്ങൾ
- 2014മികച്ച യുവകർഷകനുള്ള സംസ്ഥാനതല പുരസ്കാരം — ഒരു ലക്ഷം രൂപയും ഗോൾഡ് മെഡലും.
- 2020സംസ്ഥാനത്തെ മികച്ച യുവപ്രതിഭ പുരസ്കാരം.
- 2022സംസ്ഥാനത്തെ മികച്ച യൂത്ത് ഐക്കൺ പുരസ്കാരം.
- 2023മികച്ച പച്ചക്കറി കർഷകനുള്ള ഹരിതമിത്ര പുരസ്കാരം.
- 2024മില്യണർ ഫാർമർ ദേശീയതല പുരസ്കാരം.
05 / Family & community
കൂടെ നിന്നവരാണ് കരുത്ത്
അമ്മ ലീലാമണി, ഭാര്യ അഞ്ചു, മകൾ കാർത്തിക, സഹോദരൻ അജിത്ത് — ഈ യാത്രയിലെ ഓരോ ചുവടിലും കുടുംബത്തിന്റെ പിന്തുണ കൂടെയുണ്ട്. അജിത്ത് മുന്നോട്ടുവെച്ച യൂട്യൂബ് ചാനൽ എന്ന ആശയമാണ് വെറൈറ്റി ഫാർമറിന്റെ തുടക്കമായത്.
കൃഷിയിലൂടെ ഇസ്രയേൽ ഉൾപ്പെടെ അഞ്ചോളം വിദേശരാജ്യങ്ങൾ സന്ദർശിക്കാനായി. തന്റെ യാത്രയിൽ 15 ലക്ഷം പേർ പിന്തുടരുന്ന ഘട്ടത്തിലെത്തിയതും വീടിനടുത്തുള്ള 15 ഓളം വനിതകൾക്ക് ജോലി നൽകാനായതും സുജിത്ത് അഭിമാനത്തോടെ ഓർക്കുന്നു.
Growing together
അറിവ് പങ്കുവെച്ച്, ഒരുമിച്ച് വളരാം
കൃഷിവകുപ്പുമായി ചേർന്ന് ആലപ്പുഴ ജില്ലയിലെ നിരവധി സ്കൂളുകളിലും കേരളത്തിലെ ആയിരക്കണക്കിന് കർഷകർക്കും പരിശീലനം നൽകി. സ്വന്തം കൃഷിയിടത്തിലെ അനുഭവങ്ങൾ അടുത്ത തലമുറയിലേക്കും സഹകർഷകരിലേക്കും എത്തിക്കുക എന്നതും ഈ യാത്രയുടെ ഭാഗമാണ്.
“കർഷകനായതിൽ എന്നും അഭിമാനം മാത്രം.”
സുജിത്ത് എസ്.പി. · Variety Farmer
From the soil of Alappuzha. A journey worth sharing.